പണ്ടു മുതൽക്കെ നാം കേൾക്കുന്ന ചൊല്ലാണ് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന്. രണ്ട് മോശം ആൾക്കാർ തമ്മിലുള്ള ചങ്ങാത്തത്തെ കാണിക്കാനാണ് ഇങ്ങനൊരു ചൊല്ല്. എന്താണ് ഈ ചൊല്ലിന് പിന്നിലെന്ന് ചിന്തിക്കാത്തവർ ഇല്ല. ഈനാംപേച്ചിയും മരപ്പട്ടിയും കൂട്ടാണോ? രണ്ടും തമ്മിൽ സാമ്യം ഉണ്ടോ? എന്നാൽ ഈ രണ്ട് ജീവികളും തമ്മിൽ കാഴ്ചയിലും ഭക്ഷണരീതിയിലുമൊന്നും സാമ്യമില്ല എന്നതാണ് സത്യം. ഈനാംപേച്ചി ഉറുമ്പുതീനിയാണെങ്കിൽ മരപ്പട്ടി പ്രധാനമായും പഴങ്ങളും മുട്ടകളുമൊക്കെയാണ് ഭക്ഷിക്കുന്നത്. ഇരുവരും തമ്മിൽ കാഴ്ചയ്‌ക്കും സാമ്യമില്ല. പിന്നെന്താണ് ഇങ്ങനെ ഒരു ചൊല്ല്?
എന്തായാലും പഴമക്കാരുടെ ആ ചൊല്ല് ഇന്ന് സത്യമാകുന്ന കാഴ്ചയാണ്. കാഴ്ചയിലോ സ്വഭാവത്തിലോ സാമ്യമൊന്നും ഇല്ലേലും വംശനാശ ഭീഷണി നേരിടുന്നതിൽ ഈനാംപേച്ചിയും മരപ്പട്ടിയും കൂട്ട് തന്നെ. ഒരോ ദിവസം കഴിയും തോറും രണ്ട് ജീവികളും നടന്നു നീങ്ങുന്നത് അതിന്റെ നാശത്തിന്റെ വക്കിലേക്കാണ്. ഈനാംപേച്ചിയേയും മരപ്പട്ടിയേയും പറ്റി ചില കാര്യങ്ങൾ അറിഞ്ഞുവെയ്‌ക്കും. വരും കാലങ്ങളിൽ ഒരുപക്ഷെ ഏതെങ്കിലും സംഘടനയുടെ ചിഹ്നങ്ങളായി മാത്രം അറിയപ്പെടാനായിരിക്കും ഇവയുടെ വിധി.
ഈനാംപേച്ചി
ഏഷ്യ – ആഫ്രിക്ക വൻകരകളിലാണ് ഈനാംപേച്ചികൾ കാണപ്പെടുന്നത്. ഒന്നരക്കിലോ മുതൽ 33 കിലോ വരെ ഇവയ്‌ക്ക് തൂക്കം വരും. ശരീരത്തിൽ കാണുന്ന കെരാറ്റിൻ ശൽക്കങ്ങൾ ഇവയുടെ രക്ഷാകവചമാണ്. സ്വയം പ്രതിരോധിക്കാനും രക്ഷപ്പെടാനുമായി പന്തുപോലെ ഇവ ചുരുളുന്നു. പ്രധാനമായും ഉറുമ്പുകളെയും ചിതലുകളെയുമാണ് ഈനാംപേച്ചി ഭക്ഷിക്കുന്നത്. കൂർത്ത നഖങ്ങളുള്ള ഇവ ചിതൽ പുറ്റുകളും ഉറുമ്പിൻ കൂടുകളും മാന്തി അവയെ ഭക്ഷിക്കും.
പകൽ മുഴുവനും ആഴത്തിലുള്ള മാളങ്ങളിൽ വിശ്രമിക്കുന്ന ഈനാംപേച്ചികൾ രാത്രികളിലാണ് ഇര പിടിക്കാൻ ഇറങ്ങുന്നത്. ശത്രുക്കളെ കണ്ടാൽ ഈനാംപേച്ചി ഉറക്കെ ചീറും. ഇറച്ചിക്കും ഔഷധനിർമാണത്തിനും വേണ്ടി അനധികൃതമായി ഈ ജന്തുവർഗത്തെ വ്യാപകമായി വേട്ടയാടുന്നുണ്ട്. അതിനാൽ ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു. ഈനാംപേച്ചിയുടെ എണ്ണം ഗണ്യമായി കുറയുന്നതിനാൽ അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഫെബ്രുവരി 20-ാം തീയതി ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു.
മരപ്പട്ടി
നമ്മുടെ നാട്ടിൻ പുറങ്ങളിൽ കുറച്ച് കാലം മുമ്പ് വരെ ധാരാളം കണ്ടിരുന്ന ഒരു ജീവിയാണ് മരപ്പട്ടി. ഇന്നവ നാട്ടിൻ പുറങ്ങളിൽ പോലും വളരെ വിരളമായാണ് കാണപ്പെടുന്നത്. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിലാണ് ഇരതേടി ഇറങ്ങുന്നത്. പനങ്കുലയും, തെങ്ങിൻ പൂക്കുലയും തേങ്ങയുമെല്ലാം ഭക്ഷിക്കുന്ന ഈ ജീവി ഒരു കാലത്ത് കേരളത്തിലെ വീടുകളിൽ സ്ഥിരം ശല്യക്കാരനായിരുന്നു.
മൂന്നു മുതൽ മൂന്നരകിലോഗ്രാം വരെ ഭാരം മരപ്പട്ടികൾക്ക് കാണും. ഒരു മീറ്ററോളം നീളം വെയ്‌ക്കുന്ന ഇവയ്‌ക്ക് കറുത്ത രോമങ്ങളാണുണ്ടാവുക. കണ്ണിനു മുകളിലും താഴെയുമായി വെളുത്ത പാടും കാണാം. നെറ്റിയിൽ നിന്നു തുടങ്ങി വാലുവരെ എത്തുന്ന കറുത്ത വര പോലെ രോമങ്ങൾ. മരങ്ങളിൽ അള്ളിപ്പിടിച്ച് കയറാൻ പാകത്തിലുള്ള നീണ്ട കൂർത്ത നഖങ്ങൾ ഇവയ്‌ക്കുണ്ട്.
അപകട ഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുന്ന ഇവ സ്വയം രക്ഷിക്കാൻ കടിക്കുകയും ചെയ്യും. മിശ്രഭുക്കായ ഈ ജീവികളുടെ പ്രധാന ഭക്ഷണങ്ങൾ പഴങ്ങളും ചെറു ഉരഗങ്ങളും മുട്ടകളുമാണ്. ഇവയും ഇന്ന് വംശനാശ ഭീഷണി നേരിടുന്നുണ്ട്. 1972-ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി.