ഡെറാഡൂൺ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഇലക്ഷൻ കമ്മീഷൻ. ഉത്തരാഖണ്ഡിലെ വോട്ടെണ്ണൽ നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഇലക്ഷൻ കമ്മീഷൻ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡെറാഡൂൺ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.
വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ അനുമതിയില്ലാത്തവരുടെ പ്രവേശനം പൂർണമായും നിരോധിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൗണ്ടിംഗ് ഓഫീസർമാർക്കും പോളിംഗ് ഏജൻ്റുമാർക്കും മാത്രമേ വോട്ടെണ്ണൽ നടക്കുന്നിടത്തേക്ക് പോകാൻ അനുവാദമുള്ളൂ. മുൻകൂറായി എടുത്ത പാസുകൾ ഉള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. മൂന്ന് സ്ഥലങ്ങളിലായി സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസിന്റെ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തിവരികയാണ്. നിരവധി സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്‌ക്കായി സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് എസ്എസ്പി അറിയിച്ചു.
ഈ മാസം ഒന്നിനാണ് സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. 83 ലക്ഷത്തിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. എക്സിറ്റ് പോൾ സർവേ പ്രകാരം ഉത്തരാഖണ്ഡിൽ എൻഡിഎ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് സർവേ പറയുന്നു.















