കിടക്കയിലും, തോർത്തിലും എന്ന് വേണ്ട മുടികൊഴിച്ചിൽ തുടങ്ങിയാൽ നടക്കുന്നിടത്തും കിടക്കുന്നിടത്തും എല്ലാം തലമുടി മാത്രമായിരിക്കും. മുടികൊഴിച്ചിൽ കൊണ്ട് പലപ്പോഴും വലയുമ്പോൾ പൊതുവെ പുരുഷന്മാർ ചെയ്യുന്ന കാര്യമാണ് തല മൊട്ടയടിക്കുന്നത്. താരനുള്ളവരിൽ പൊതുവെ മുടികൊഴിച്ചിൽ കൂടാറുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് നാം മൊട്ടയടിക്കാറുള്ളത്. എന്നാൽ മൊട്ടയടിക്കുന്നത് മുടി വളരാൻ സഹായിക്കുമോ? അറിയാം..
മുടി കൊഴിച്ചിലകറ്റാനാണ് മൊട്ടയടിക്കുന്നതെങ്കിൽ ഇത് എല്ലാവരിലും പ്രാവർത്തികമാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. താരൻ കുറയ്ക്കാൻ മൊട്ടയടി നല്ലതാണെന്നും വിദഗ്ധർ പറയുന്നുണ്ട്. തല മുണ്ഡനം ചെയ്ത ശേഷം അൽപം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തലയിൽ തേയ്ക്കുന്നത് താരനെ ശമിപ്പിക്കാൻ സഹായിക്കും.
പുതുതായി മുടി കിളിർക്കുമ്പോൾ പുരുഷന്മാരിൽ, കഷണ്ടിക്കുള്ള സാധ്യതകളും താരനും കുറയ്ക്കുമെന്ന് പറയുന്നു. എന്നാൽ മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റതാക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഒരു പരിധി വരെ മുടികൊഴിച്ചിലകറ്റാൻ സഹായിക്കുന്നു. പെട്ടന്നു പൊട്ടി പോകുന്ന മുടിയാണെങ്കിൽ ഡെർമറ്റോലജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സകൾ തേടേണ്ടതാണ്.