ഷാരൂഖ് ഖാന്റെ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് മുൻ സൗന്ദര്യ റാണി കൂടിയായ ഗായത്രി ജോഷി. ഒരൊറ്റ ചിത്രത്തിന് ശേഷം ഗായത്രി സിനിമ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. സിനിമ മേഖലയിലുള്ളവർ മികച്ച ഭാവി പ്രവചിച്ച താരം അപ്രതീക്ഷിതമായാണ് അഭിനയലോകത്ത് നിന്നും പടിയിറങ്ങിയത്.
എന്നാൽ, സിനിമ ഉപേക്ഷിച്ച് ഗായത്രി നടന്നെത്തിയത് ശതകോടീശ്വരനായ വികാസ് ഒബ്‌റോയിയുടെ ജീവിതത്തിലേക്കാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ ഒബ്റോയ് റിയാലിറ്റി വികാസിന്റെ സ്വന്തമാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഏകദേശം 35,000 കോടി രൂപയിലധികം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ബിസിനസ് സാമ്രാജ്യമായ ഒബ്റോയ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡിന്റെ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമാണ് വികാസ്.
വികാസ് ഒബ്റോയിയുടെ പിതാവ് രൺവീർ ഒബ്റോയ് 30 വർഷങ്ങൾക്ക് മുമ്പാണ് ഈ കമ്പനി ആരംഭിച്ചത്. അതിന് ശേഷം വികാസാണ് ഹൗസിംഗ്, കോർപ്പറേറ്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ വിവിധ റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് കമ്പനിയെ ഉയർത്തിയത്. മുംബൈ യൂണിവേഴ്സിറ്റി, യുഎസ് ഹാർവാർഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വികാസ് ഒബ്‌റോയിയുടെ പഠന കാലം.
സിനിമാ ജീവിതം ഉപേക്ഷിച്ച ഗായത്രി ജോഷി നിലവിൽ ഒബ്റോയ് പ്രോജക്ടുകളുടെ ഇന്റീരിയർ ക്യൂറേറ്റ് ചെയ്യുകയാണ്. 2005-ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക്, വിഹാൻ ഒബ്റോയ്, യുവാൻ ഒബ്റോയ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്.