ന്യൂഡൽഹി: രാജ്യം ആർക്കൊപ്പമെന്നറിയാൻ ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളായിരിക്കും. എന്തൊക്കെ ക്രമീകരണങ്ങളാണ് തപാൽ വോട്ട് അല്ലെങ്കിൽ പോസ്റ്റൽ വോട്ട് എണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നതെന്ന് അറിയാം..
ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളിൽ തപാൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തും. ഇതിനായി കൗണ്ടിംഗ് ഹാളിൽ പ്രത്യേകമായി ടേബിളുകൾ സജീകരിച്ചിട്ടുണ്ട്. ഓരോ മേശയിലും 500 തപാൽ വോട്ടുകൾ വരെയാണ് എണ്ണുക. വോട്ടുകൾ എണ്ണുന്നതിന്റെ മേൽനോട്ടം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ നിർവഹിക്കും. തപാൽ വോട്ടുകൾ എണ്ണുന്ന മേശയിലേക്ക് ഇലക്ഷൻ ഏജന്റോ, സ്ഥാനാർത്ഥിയോ പ്രത്യേകമായി ഒരു കൗണ്ടിംഗ് ഏജന്റിനെ നിയമിച്ചിരിക്കും. റിട്ടേണിംഗ് ഓഫീസറുടെ മേശയിൽ വച്ചായിരിക്കും തപാൽ വോട്ടുകൾ എണ്ണുക. വോട്ടെന്നു സമയത്തുള്ള ഓരാ കാര്യങ്ങളും റിട്ടേണിംഗ് ഓഫീസറും തെരഞ്ഞെടുപ്പ് നിരീക്ഷകനും വീക്ഷിച്ചു കൊണ്ടിരിക്കും.
ഇതിനുപുറമെ വോട്ടെണ്ണലിന് ഒരു മണിക്കൂർ മുമ്പ് വരെ അയക്കാവുന്ന ഇടിപിബിഎംഎസുകളും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലും മേശയിലും വച്ചാണ് എണ്ണി തിട്ടപ്പെടുത്തുന്നത്. ക്യൂ ആർ കോഡ് റീഡർ ഉപയോഗിച്ചാണ് ഇത്തരം വോട്ടുകൾ എണ്ണുന്നത്. തപാൽ വോട്ടുകളിൽ നിന്ന് സാധുവും അസാധുവും വേർതിരിച്ച ശേഷം ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ ഫോം 20ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തും. തുടർന്നാണ് ഫലപ്രഖ്യാപനം.