മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഉണർവ്. പ്രാരംഭ വ്യാപാരത്തിൽ 0.21 ശതമാനം ഉയർത്തിയാണ് നിഫ്റ്റി മുന്നേറുന്നത്. നിഫ്റ്റി സൂചിക 3.25 ശതമാനം ഉയർന്ന് 23,263.90 പോയിൻ്റിൽ 23,338.70 എന്ന റെക്കോർഡ് ഉയർന്നതിന് ശേഷമായിരുന്നു ഇന്നലെ വ്യാപാരം അവസാനിച്ചത്.
ബിഎസ്ഇ ഇൻഡക്സ് 3.39 ശതമാനം കുതിച്ച് 76,468.78 പോയിൻ്റിലാണ് ഇന്നലെ അവസാനിച്ചത്. മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന് പിന്തുണ പ്രഖ്യാപിച്ച ഓഹരി വിപണിയിൽ ഇന്നലെയും വില സൂചികകൾ കത്തി കയറിയിരുന്നു.
യഥാർത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സെൻസെക്സ് 77,000 പോയിന്റ് പിന്നിടാനുള്ള സാധ്യതയുണ്ട്. 2021 ഫെബ്രുവരി മാസത്തിന് ശേഷം വില സൂചികകൾ ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് ഇന്നലെ കൈവരിച്ചത്. ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ 28 പൈസ കൂടി രണ്ട് മാസത്തിനിടെ ഉയർന്ന നിലവാരമായ 83.14-ലെത്തി.















