ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ എൻഡിഎയുടെ ടിഡിപി-ജെഎസ്‌പി സഖ്യം ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് എൻഡിഎ സഖ്യം നിലവിൽ 21 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. അതെ സമയം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ വൈഎസ്‌ആർ കോൺഗ്രസിന്റെ ലീഡ് വെറും 4 സീറ്റുകളിൽ ഒതുങ്ങി. ഇതോടെ സംസ്ഥാനത്തെ ഭരണത്തുടർച്ചയെന്ന വൈഎസ്‌ആർ കോൺഗ്രസിന്റെ മോഹങ്ങളും തുലാസിൽ ആയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മെയ് 13 ന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് ഫല സൂചനകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണ വിരുദ്ധ വികാരം ആന്ധ്രാപ്രദേശിൽ അലയടിക്കുന്നുണ്ടെന്ന വ്യക്തമായ ഫല സൂചനകളാണിവ. നിലവിൽ ബിജെപി 3 സീറ്റുകളിലും തെലുങ്കുദേശം പാർട്ടി 16 സീറ്റുകളിലും ജനസേനാ പാർട്ടി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.















