കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാസിർഹട്ട് മണ്ഡലത്തിൽ ബിജെപി വെന്നിക്കൊടി പാറിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രേഖ പത്ര. ബാസിർഹട്ടിൽ താമരകൾ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രധാനമന്ത്രിയുടെ വരവിനായി ഏവരും കാത്തിരിക്കുകയാണെന്നും രേഖ പത്ര പറഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ബാസിർഹട്ടിൽ ഞാൻ വിജയിക്കുമെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായുള്ള കാത്തിരിപ്പിലാണ്. സന്ദേശ്ഖാലിയുടെ ശോഭനമായ ഭാവിക്കായാണ് ജനങ്ങൾ കാത്തിരിക്കുന്നത്. നിലവിൽ സന്ദേശ്ഖാലിയിൽ സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. താമരകൾ വിരിയുന്ന കാഴ്ചയ്‌ക്കായാണ് സന്ദേശ്ഖാലിയിലെ ഓരോ മനുഷ്യനും കാത്തിരിക്കുന്നത്.”- രേഖ പത്ര പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഹാജി നൂറുൽ ഇസ്ലാമിനെതിരായാണ് രേഖ പത്ര മത്സരിക്കുന്നത്. സന്ദേശ്ഖാലിയിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഷെയ്ഖ് ഷാജഹാനെതിരെ പോരാടിയ വ്യക്തി കൂടിയാണ് രേഖ പത്ര. ആദ്യഘട്ട വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ബിജെപിയും ടിഎംസിയും മികച്ച പോരാട്ടമാണ് പശ്ചിമ ബംഗാളിൽ നടത്തുന്നത്.















