പുല്ല് വെട്ടുന്നതിനും വിളകളുടെ വിളവെടുപ്പിനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് അരിവാൾ. നെല്ലും ഗോതമ്പും തുടങ്ങി ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ കൊയ്യുന്നതിനായാണ് പഴമക്കാർ പൊതുവെ അരിവാൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. കർഷകരുടേയും തൊഴിലാളികളുടേയും പക്കലായിരിക്കും ഇത്തരം ഉപകരണങ്ങൾ പൊതുവെ കാണുന്നത്. എന്നാൽ ഇന്ന് അരിവാളുകൾ പോലുള്ള ഉപകരണങ്ങൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
യന്ത്രങ്ങളുടെ കടന്നു വരവ് അരിവാളുകളുടെ ഉപയോഗം കുറയ്‌ക്കുന്നതിലേക്ക് വഴിവച്ചു. കൊയ്‌ത്ത് യന്ത്രങ്ങൾ വിപണികൾ കീഴടക്കിയതോടെ അരിവാളുകളെ ആളുകൾ മറുന്നു തുടങ്ങിയെന്നു വേണം പറയാൻ. ഇന്ന് പാലക്കാട്ടെ പല കാർഷിക കുടുംബങ്ങളിലും മ്യൂസിയങ്ങളിലുമൊക്കെ അരിവാളുകളെ നമുക്ക് കാണാൻ സാധിക്കും.
അരിവാളുകൾ ഉപയോഗിച്ച് വിളകൾ കൊയ്യാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഉപകരണങ്ങളെ മാറ്റി നിർത്താൻ കാരണമായത്. ഇടയ്‌ക്കിടെ മൂർച്ഛ കൂട്ടേണ്ടി വരുന്നത് അരിവാളുകളെ ഉപേക്ഷിക്കുന്നതിലേക്ക് വഴിവച്ചു. യന്ത്രവത്ക്കരണം മനുഷ്യ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. കൊയ്‌ത്തുപകരണങ്ങൾ കടന്നു വന്നതോടെ കാർഷിക മേഖലയിലെ വികസനങ്ങൾക്കൊപ്പം കർഷകരുടെ പണികൾ എളുപ്പത്തിലാക്കുന്നതിനും ധാന്യങ്ങളും വൈക്കോലും പെട്ടന്ന് വേർതിരിച്ചെടുക്കുന്നതിനും സാധിക്കുന്നു. ഇതും അരിവാളുകളെ ഉപേക്ഷിക്കാൻ കാരണമായി. വളർന്നു വരുന്ന തലമുറയ്‌ക്ക് ഇപ്പോൾ വെറും രേഖാ ചിത്രങ്ങളായി മാറിയിരിക്കുകയാണ് അരിവാളുകൾ.