ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് കനത്ത തിരിച്ചടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച ഏക ഇടത് സ്ഥാനാർത്ഥിയായിരുന്നു ആരിഫ്. എന്നാൽ ഇത്തവണ മണ്ഡലത്തിൽ ഒരു തവണ പോലും ലീഡ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നിലവിൽ രണ്ടാം സ്ഥാനത്താണ് എ.എം ആരിഫ്. കോൺഗ്രസ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ 60,000 പരം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തൊട്ട് പിന്നിലുണ്ട്.
ഏക ഇടത് സിറ്റിംഗ് എംപിയ്‌ക്ക് മുന്നേറാൻ കഴിയാത്തത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ തവണ വിജയത്തിലേക്ക് നയിച്ച സാമൂഹിക-സാമുദായിക സാഹചര്യങ്ങൾ ഇത്തവണയും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിറ്റിംഗ് എംപിയെ തന്നെ വീണ്ടും എൽഡിഎഫ് കളത്തിലിറക്കിയത്. എന്നാൽ വികസനമില്ലായ്മയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായിട്ടുണ്ട്. മണ്ഡലത്തിൽ കനത്ത മത്സരമാണ് എൻഡിഎ കാഴ്ചവെച്ചത്. നിലവിൽ നാൽപ്പതിനായിരത്തിലധികം വോട്ടുകളാണ് അധികമായി എൻഡിഎ നേടിയത്.
2019 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു കനൽ തരിയായി നിന്ന് ആശ്വാസചൂടു പകർന്ന മണ്ഡലമാണ് ആലപ്പുഴ. കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു ആരിഫ് വിജയിച്ച് കയറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം എന്ന് വിശേഷണമുള്ള മണ്ഡലത്തിലാണ് പാർട്ടിക്ക് അടിതെറ്റിയത്.















