ഷിംല: എൻഡിഎ സർക്കാരിനൊപ്പം നിന്ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ. സംസ്ഥാനത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കാണ് ജയം. ഹാമിർപുരിൽ സിറ്റിംഗ് എംപി കൂടിയായ അനുരാഗ് ഠാക്കൂർ, കംഗ്രയിൽ ഡോ. രാജീവ് ഭരദ്വജ്, ഷിംലയിൽ സിറ്റിംഗ് എംപി സുരേഷ് കുമാർ കശ്യപ് എന്നിവരാണ് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്.
കേന്ദ്രമന്ത്രി കൂടിയായ അനുരാഗ് സിംഗ് ഠാക്കൂർ 1,70,000 വോട്ടിന്റെ ലീഡിലാണ് ജയം ഉറപ്പിച്ചത്. മണ്ഡലത്തിലെ ജനങ്ങൾ തന്നെ അനുഗ്രഹിച്ചെന്നും അവരോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
2019-ലെ തെരഞ്ഞെടുപ്പിൽ മാണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ മാണ്ഡിയും ബിജെപി കൈപ്പിടിയിലാക്കി. 73,703 വോട്ടിന്റെ ഭൂരിപക്ഷമാണ് കങ്കണ സ്വന്തമാക്കിയത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ നഗരവികസന മന്ത്രിയായ വിക്രമാദിത്യ സിംഗിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്.
കംഗ്രയിലെ സ്ഥാനാർത്ഥി ഡോ. രാജീവ് ഭരദ്വജ് രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്കും ഷിംലയിലെ സ്ഥാനാർത്ഥി സുരേഷ് കുമാർ കശ്യപ് 90,000-തിലധികം വോട്ടുകൾക്കുമാണ് ജയം ഉറപ്പിച്ചത്.















