പാലക്കാട്: ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചു. 20,143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവസ്വം മന്ത്രി കൂടിയായ കെ രാധാകൃഷ്ണൻ ജയിച്ചത്. എൻഡിഎയുടെ ടി എൻ സുരസു ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ തവണ രമ്യാ ഹരിദാസ് ‘പാട്ട് പാടി’ ജയിച്ച മണ്ഡലമായിരുന്നു ആലത്തൂർ. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
കെ രാധാകൃഷ്ണന്റെ വിജയം എൽഡിഎഫ് ക്യാമ്പിന് വലിയ നാണക്കേടിൽ നിന്നാണ് രക്ഷിച്ചത്. രാജ്യത്തെ ഇടത് ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അവിടെ നിന്ന് പാർലമെന്റിൽ എത്തുന്ന ഏക അംഗമാകും ഇതോടെ കെ രാധാകൃഷ്ണൻ.
2019ലെ തെരഞ്ഞെടുപ്പിൽ എം എ ആരിഫായിരുന്നു കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപി. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സിപിഎമ്മിനും കേരളത്തിൽ നിന്ന് തുല്യ സീറ്റാണ് ലഭിച്ചത്. നിലവിൽ എൻഡിഎ-1, എൽഡിഎഫ്-1, യുഡിഎഫ്-18 ( (ലീഡ്) എന്നിങ്ങനെയാണ് സീറ്റ് നില.