ഷിംല: മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന് വമ്പൻ ജയം. എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും മാണ്ഡിയിലെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും മികച്ച ഭരണത്തെയാണ് ജനങ്ങൾ തെരഞ്ഞെടുത്തതെന്നും കങ്കണ കൂട്ടിച്ചേർത്തു.
ബിജെപിയും കോൺഗ്രസും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലത്തിൽ 74,755 വോട്ടിന്റെ ലീഡാണ് കങ്കണ നേടിയത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്രസിംഗിന്റെ മകനായ വിക്രമാദിത്യ സിംഗായിരുന്നു എതിരാളി. 5,37, 022 വോട്ടുകളാണ് കങ്കണ നേടിയത്.
നാല് ലോക്സഭ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. നാല് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 2019 -ലെ തെരഞ്ഞെടുപ്പിൽ മാണ്ഡി ഒഴികെ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ മാണ്ഡിയും ബിജെപി സ്വന്തമാക്കുകയായിരുന്നു. അനുരാഗ് ഠാക്കൂർ( 6,07,068), ഡോ. രാജീവ് ഭരദ്വാജ്(6,32,793), സുരേഷ് കുമാർ കശ്യപ്(90,548) എന്നിവരാണ് സംസ്ഥാനത്ത് ജയിച്ച മറ്റു ബിജെപി സ്ഥാനാർത്ഥികൾ.