ഇന്ന് ജൂൺ അഞ്ച്- ലോക പരിസ്ഥിതി ദിനം. ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവൽക്കരണവും (Desertification), വരൾച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം.
കാലാവസ്ഥ വ്യതിയാനത്തിന്റെ നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ഭൂമിയെ പരിപാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ആരോഗ്യമുള്ള ഒരു ജനതയ്‌ക്ക് ആരോഗ്യമുള്ളൊരു അന്തരീക്ഷം അനിവാര്യമാണ്. ആരോഗ്യമുള്ള ഒരു ഗ്രഹത്തിന് മരങ്ങളും മണ്ണും ശുദ്ധജലവും പ്രധാനമാണ്. 2021 മുതൽ ഒരു ദശാബ്ദക്കാലം പരിസ്ഥിസതി പുനഃസ്ഥാപനത്തിന്റെ പതിറ്റാണ്ടായി യുഎൻ ഇപി പ്രഖ്യാപിച്ചിട്ടുള്ളതിന്റെ ഭാഗമായാണ് ഈ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം നൽകാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്‌ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ‘ഹ്യുമൻ എൻവയോൺമെന്റ്’ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം ‘ഒരേ ഒരു ഭൂമി’ എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ലോകമാകെ പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന സമയത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.