തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രാഹുൽ വിജയിച്ചതിനാൽ ഏത് സീറ്റ് നിലർത്തണമെന്ന് തീരുമാനിക്കാൻ അടിയന്തര യോഗം ചേരുമെന്ന് AICC ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. വരും ദിവസങ്ങളിൽ തീരുമാനം അറിയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വയനാടിനെ കൈവിടില്ലെന്ന് പ്രതീക്ഷിക്കാമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരു മണ്ഡലത്തിലെ എംപിയായി പ്രവർത്തിക്കാനല്ലേ സാധിക്കുകയുള്ളൂവെന്നും രണ്ട് മണ്ഡലങ്ങളും പ്രിയപ്പെട്ടതായതിനാൽ അക്കാര്യങ്ങൾ നോക്കി തീരുമാനിക്കുമെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി. യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന രണ്ട് മണ്ഡലങ്ങളിലെ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട് നിലനിർത്തണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കനത്ത പരാജയം നേരിട്ടപ്പോൾ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടാതെ കാത്തത് വയനാടായിരുന്നു. എന്നാൽ ഇപ്പോൽ റായ്ബറേലിയിൽ വിജയിച്ചതോടെ വയനാടിനെ കൈവിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.















