പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിന്റെ പരാജയത്തിൽ പങ്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. മുതിർന്ന നേതാക്കൾ നൽകിയിരുന്ന നിർദേശങ്ങൾ സ്ഥാനാർത്ഥി പാലിച്ചില്ലെന്നും രമ്യയുടെ ഭാഗത്ത് നിന്ന് വന്ന പിഴവുകൾ മാത്രമാണ് തോൽവിക്ക് കാരണമെന്നും തങ്കച്ചൻ പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി നേതൃത്വത്തിനോട് ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”പ്രചാരണ വേളകളിൽ ഉയർന്നു വന്ന വിമർശനങ്ങളും പിഴവുകളും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോഴുണ്ടായ തോൽവിക്ക് പിന്നിൽ സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളുമുണ്ട്. മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാൻ സ്ഥാനാർത്ഥി തയ്യാറായിരുന്നില്ല. പിഴവുകൾ സംഭവിച്ചതായി മനസിലാക്കുന്നു. വിശകലനം നടത്തും.”- എ. തങ്കച്ചൻ പറഞ്ഞു.
അതേസമയം വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും പരാജയം അന്വേഷിക്കണമെന്നുമാണ് രമ്യ ഹരിദാസിന്റെ നിലപാട്. പറയേണ്ട കാര്യങ്ങൾ പൊതുവേദികളിൽ പറയുമെന്നും മറ്റ് പ്രതികരണങ്ങൾക്ക് താത്പര്യമില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. നാടൻ പാട്ടുകൾ കൊണ്ട് വിജയം നേടാമെന്ന നിലപാടായിരുന്നു തുടക്കം മുതൽ രമ്യ സ്വീകരിച്ചിരുന്നതെന്നും ആലത്തൂർ മണ്ഡലത്തിൽ കാര്യമായ വികസന പദ്ധതികളൊന്നും നടപ്പിലാക്കിയില്ലെന്നുമായിരുന്നു ഉയർന്നു വന്നിരുന്ന ആരോപണങ്ങൾ.
2019ൽ എൽഡിഎഫിന്റെ കോട്ട തകർത്തുകൊണ്ടായിരുന്നു ആലത്തൂരിൽ രമ്യ ഹരിദാസ് വിജയം നേടിയത്. എന്നാൽ ഇക്കുറി ആലത്തൂരിലെ മണ്ഡലത്തിൽ മാത്രം വിജയം നേടിയ എൽഡിഎഫ് 19,587 വോട്ടുകൾക്ക് യുഡിഎഫിനെ പരാജയപ്പെടുത്തുകയായിരുന്നു.