ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന 3-ാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 8ന് നടന്നേക്കുമെന്ന് റിപ്പോർട്ട്. 292 സീറ്റുകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് എൻഡിഎ തുടക്കമിട്ടത്. തെലുങ്കു ദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു), സിക്കിം ക്രാന്തികാരി മോർച്ച എന്നീ പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ എൻഡിഎയ്‌ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയാകുന്ന നേതാവെന്ന ഖ്യാതിയും നരേന്ദ്രമോദിക്ക് സ്വന്തമാകും.
നിലവിലെ സർക്കാരിന്റെ കാലാവധി ജൂൺ 16ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ ലോക്‌സഭ പിരിച്ചുവിടാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പ് ഫലവും മൂന്നാം സർക്കാരിന്റെ 100 ദിന കർമ്മ ദിന പദ്ധതികളും ചർച്ചയായെന്നാണ് സൂചന. രാഷ്‌ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി രാജിക്കത്ത് കൈമാറി. രാഷ്‌ട്രപതി രാജി സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
വൈകിട്ട് 3 മണിക്ക് എൻഡിഎ മുന്നണി യോഗം ചേരുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജെഡിയു നേതാവ് നിതീഷ് കുമാറും തെലുങ്കു ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും യോഗത്തിൽ പങ്കെടുക്കും. മൂന്നാം തവണയും അധികാരത്തിലെത്തിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞിരുന്നു. എൻഡിഎയിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ നമിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നത്. ഭരണഘടനയിലുള്ള വിശ്വാസത്തിന്റെയും വികിസിതഭാരതമെന്ന ലക്ഷ്യത്തിന്റെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.















