അഗർത്തല: നിരവധി ബോധവൽക്കരണ പരിപാടികൾ ഉൾക്കൊള്ളുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി കരസേന. “നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മളാണ് തലമുറയുടെ പുനഃസ്ഥാപിക്കൽ” എന്ന പ്രമേയത്തിലാണ് അഗർത്തലയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഭൂമിയെ വീണ്ടെടുക്കൽ, വരൾച്ച അതിജീവിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിപാടികളാണ് മെയ് 28 മുതൽ ജൂൺ 1 വരെ സംഘടിപ്പിച്ചത്.
‘പെയിന്റിംഗ് ഗ്രീൻ ഫ്യുച്ചർ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കന്റോൺമെന്റ് പരിസരവും ജലാശയങ്ങളും കേന്ദ്രീകരിച്ച് ‘അമൃത സരോവർ’ എന്ന പേരിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. സിനിമ പ്രദർശനമുൾപ്പടെയുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു.
മാലിന്യങ്ങളുടെ സംസ്കരണം, പുനരുപയോഗം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൈനികരുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളും ചേർന്ന് 250 ഓളം വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു. തുടർന്നും ഇതുപോലുള്ള ക്യാമ്പയിനുകൾ സംഘടിപ്പിച്ച് ഉത്തരവാദിത്വമുള്ള സമൂഹത്തെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.