ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇൻഡി സഖ്യത്തിന്റെ യോഗം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഇൻഡി മുന്നണിയിലുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കാനെത്തി. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.
സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി-എസ്‌സിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ തുടങ്ങിയ സഖ്യകക്ഷികൾ യോഗത്തിൽ പങ്കെടുത്തു. കൂടാതെ, കോൺഗ്രസ് നേതാക്കളും മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് ഇൻഡി സഖ്യത്തിലെ നേതാക്കൾ തീരുമാനിച്ച യോഗമാണിത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ രാഹുലിന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. രാഹുൽ അനുകൂല മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ഖാർഗെയുടെ വസതിയിലെത്തിയത്.















