ചണ്ഡീഗഡ്: ഹരിയാനയിലെ സിർസ ഗ്രാമത്തിൽ നിന്നും എട്ടാം നൂറ്റാണ്ടിലെ വിഗ്രഹം കണ്ടെടുത്തു. ജൈനമത സ്ഥാപകമായ തീർത്ഥങ്കര മഹാവീരന്റെ വിഗ്രഹമാണ് കണ്ടെത്തിയത്.
ദിൽകി ഗ്രാമത്തിലെ കർഷകനായ പൂർണമൽ ബുദാനിയ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴതുമറിക്കുന്നതിനിടെ കരിങ്കല്ലിൽ തട്ടുകയായിരുന്നു. തുടർന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. പിന്നാലെ പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ എത്തി അവശേഷിപ്പികൾ പുറത്തെടുക്കുകയായിരുന്നു. വിഗ്രഹങ്ങൾ പുരാവസ്തുവകുപ്പ് ഏറ്റെടുത്തു.

പദ്മാസനത്തിലുള്ള രണ്ട് വിഗ്രഹങ്ങളും മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഒരു വിഗ്രഹം വലുതും മറ്റേത് താരതമ്യേന ചെറുതുമാണ്. കൈയിൽ നാണയം പിടിച്ചിരിക്കുന്ന രീതിലാണ് പ്രധാന മൂർത്തി.
രാജസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിർസ മുൻപ് ജൈനമതക്കാരുടെ പ്രധാന കേന്ദ്രമായിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ബുനാനി ഭട്ടാചാര്യ പറഞ്ഞു. നേരത്തെയും പ്രദേശത്ത് നിന്ന് ജൈനമതവുമായി ബന്ധപ്പെട്ട അവശേഷിപ്പുകൾ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.















