കോഴിക്കോട്: രാഹുൽ വയനാട് സീറ്റ് ഒഴിയും എന്നുറപ്പായതോടെ പതിവ് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറഞ്ഞു മുസ്ലീംലീഗ് രംഗത്തെത്തി.മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് കെ മുരളീധരൻ ഏത് സീറ്റിലേക്കും ഫിറ്റാണെന്ന് പറഞ്ഞു കൊണ്ട് അഭിപ്രായപ്രകടനം നടത്തിയത് .
വയനാട് സീറ്റ് രാഹുൽ ഒഴിയുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. “കെ കരുണാകരന്റെ മകൻ ഏത് സീറ്റിലും ഫിറ്റാണ്. സീറ്റിൽ ലീഗ് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു”.
തൃശൂരിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ്. വയനാട്ടിൽ കെ മുരളീധരനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ വേണ്ടി തൃശൂരിൽ തന്നെ ബലികൊടുക്കുകയായിരുന്നു എന്നൊരു ചിന്ത കെ മുരളീധരനും ഉണ്ട്. വടകര ഒഴിഞ്ഞു കൊണ്ട് താൻ നടത്തിയത് ത്യാഗമായിരുന്നെന്നും അതിനു തനിക്ക് കൃത്യമായ പ്രതിഫലം ലഭിക്കണമെന്നും കെ മുരളീധരൻ ആഗ്രഹിക്കുന്നുണ്ട്. ആ സന്ദേശം എത്തേണ്ടിടത്ത് എത്തിക്കുവാൻ വേണ്ടിയാണ് താൻ പൊതുരംഗം വിടുകയാണ് എന്ന ഭീഷണി അദ്ദേഹം മുഴക്കിയത്.
എന്നിൽ വയനാട് മുരളീധന് നൽകുന്നതിൽ എതിർസ്വരവും കാര്യമായി തന്നെ ഉയരുന്നുണ്ട്. കെ പി സിസി അദ്ധ്യക്ഷ സ്ഥാനത്തേക്കും കെ മുരളീധരന് നോട്ടമുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. തുരുപ്പ് ചീട്ട് എന്ന നിലയിലാണ് കോൺഗ്രസ് മുരളിയെ വടകരയിൽ നിന്ന് തൃശൂരിലെത്തിച്ചത് എന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്.
മുരളീധരനെ വടകരയിൽനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതിൽ അന്നേ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതായതിനെ തുടർന്ന് സംഘടനയ്‌ക്കെതിരെ മുരളീധരൻ രംഗത്ത് എത്തിയിരുന്നു. രാഷ്‌ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്ന് മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. പാർട്ടിയിൽ കലഹം രൂക്ഷമായതോടെ പോസ്റ്ററുകളും പരസ്യ പ്രസ്താവനകളും കളം നിറയുകയാണ്. 20ൽ 18 സീറ്റ് നേടിയെങ്കിലും വിജയത്തിൽ ആഹ്ലാദിക്കാൻ പോലും തമ്മിലടി കൊണ്ട് കോൺഗ്രസിന് സാധിക്കുന്നില്ല. എങ്ങനെയെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കെപിസിസി നേതൃത്വം.