മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ആവേശം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും എത്തി.
നിഫ്റ്റിയിൽ 29 കമ്പനികൾ മുന്നേറിയപ്പോൾ 21 എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. എൻടിപിസി, എസ്ബിഐ, ഒഎൻജിസി, കോൾ ഇന്ത്യ, പവർ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയവരിൽ മുന്നിൽ. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഹിൻഡാൽകോ, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിച്ചു. രാവിലെ 9.15 ഓടെ വിപണിയിൽ ശക്തമായ ഓപ്പണിംഗാണ് നടന്നത്.
വോട്ടണ്ണൽ ദിവസമായിരുന്ന ചൊവ്വാഴ്ച സൂചികകൾ കനത്ത ഇടിവ് രേഖപ്പെടുത്തിയെങ്കിലും ബുധനാഴ്ച തിരിച്ചു കയറി. ഇന്നലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് വീണ്ടും 700 പോയിൻ്റ് ഉയർന്ന് 75,000 കടന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി 22,573 പോയിൻ്റിലധികം കടക്കുകയും ചെയ്തു.















