എറണാകുളം: ആവേശം അതിരുകടന്ന് അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും സഞ്ജുവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അപകടകരമായ രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് സഞ്ജുവിനെതിരെയും വാഹനമോടിച്ച സൂര്യനാരായണനെതിരെയും മോട്ടോർവാഹനവകുപ്പ് ചുമത്തിയിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആർടിഒ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
രണ്ടാഴ്ച മുമ്പാണ് ടാറ്റാ സഫാരി കാറിലെ പിൻസീറ്റ് ഇളക്കി മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിംഗ് പൂളാക്കി രൂപമാറ്റം വരുത്തിയത്. തുടർന്ന് അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുകൾക്കൊപ്പം കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ലൈഫ് സ്റ്റെൽ വ്ളോഗറായ സഞ്ജു യൂട്യൂബിൽ വീഡിയോ പങ്കുവച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പിടിവീഴുന്നത്. വാഹനം കസ്റ്റഡിയിലെടുത്തതോടെ വീഡിയോയുടെ റീച്ച് കൂടിയെന്നും, തന്നെ പ്രശസ്തനാക്കിയ മാദ്ധ്യമങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കാണിച്ച് മറ്റൊരു വീഡിയോയും സഞ്ജു യൂട്യൂബിൽ പങ്കുവച്ചിരുന്നു.















