നൂഡിൽസിനൊപ്പം ഇനി ഫോർക്കും കഴിക്കാം; ‘ഗോതമ്പ്’ ഫോർക്കുമായി മാഗി

Published by
Janam Web Desk

മുംബൈ: നൂഡിൽസിനൊപ്പം ഭക്ഷ്യയോഗ്യമായ ഫോർക്കും നൽകി മാഗി. നിലവിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളിൽ മാഗി മസാല കപ്പ് ന്യൂഡിൽസും ഭക്ഷ്യയോഗ്യമായ ഫോർക്കും ലഭ്യമാണ്. 79.5 ഗ്രാമിന്റെ പാക്കിന് 50 രൂപ മുതലാണ് വില. ഗോതമ്പ് പൊടിയിൽ നിർമിച്ചിരിക്കുന്ന ഫോർക്ക് മാഗി നൂഡിൽസിന്റെ രുചി അനുഭവത്തെ വേറിട്ടതാക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

ചെറിയ പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2020ൽ ‘രാജ്യത്തിനായി 2 മിനുട്ട്’ കാമ്പയിന് മാഗി തുടക്കമിടുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിച്ചുകളയുന്ന പ്ലാസ്റ്റിക്കിന് പകരമായി സുസ്ഥിരമായ മറ്റൊരു ബദൽ വാഗ്ദാനം ചെയ്യുക എന്നത് കാമ്പയിനിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തൃശൂല എന്ന ഇന്ത്യൻ സ്റ്റാർട്ട് അപ്പുമായി ചേർന്ന് ഭക്ഷ്യയോഗ്യമായ ഫോർക്ക് നെസ്ലേ അവതരിപ്പിച്ചത്.

ഗ്ലോബൽ പാക്കേജിംഗ് വൈദഗ്ധ്യവും പ്രാദേശിക പാക്കേജിംഗ് വിദഗ്ധരുടെ അഭിപ്രായങ്ങളും ചേരുമ്പോൾ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്‌ക്കുന്നതിനായുള്ള നൂതന മാർഗങ്ങൾ കണ്ടെത്തുവാൻ സാധിച്ചതായി കമ്പനി പ്രതികരിച്ചു. പുതിയ പാക്കേജിംഗ് മെറ്റീരിയലുകളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് ഉപഭോഗത്തിൽ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്കിന് ബദലായുള്ള മാർഗങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും നെസ്ലേ R&D സെന്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മേധാവി ജഗ്ദീപ് മരാഹർ പറഞ്ഞു.

Share
Leave a Comment