ഇടുക്കി: ഭാര്യാമാതാവിനേയും ഭാര്യാസഹോദരന്റെ മൂന്നുവയസുള്ള മകളേയും വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ച് യുവാവ്. പൈനാവ് അന്‍പത്താറ് കോളനിയില്‍ കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി സന്തോഷിനായി (50) തിരച്ചിൽ പുരോഗമിക്കുകയാണ്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭര്‍ത്താവാണ് ഇയാൾ.
ജര്‍മനിയില്‍ നഴ്‌സായ ഭാര്യയുടെ മുഴുവന്‍ ശമ്പളവും ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിൽ എത്തിയത്. ഇതിനിടെ അന്നക്കുട്ടിയുടേയും കൈയിലിരുന്ന ലിയയുടേയും ദേഹത്തേക്ക് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്. അന്നക്കുട്ടിക്ക് 40 ശതമാനവും ലിയയ്‌ക്ക് 20 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
സന്തോഷിന്റെ കുട്ടിയും ഇതേ വീട്ടിലാണ് താമസിക്കുന്നത്.
സ്വന്തം കുട്ടിയെ സ്‌കൂളില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന് സഹോദരന്‍ വീട്ടിലാക്കിയതിനുശേഷമാണ് ഇയാള്‍ ക്രൂരത ചെയ്തത്. തോപ്രാംകുടി സ്വദേശിയായ സന്തോഷ് തൊടുപുഴയില്‍ ചായക്കച്ചവടം നടത്തുകയാണ്. സന്തോഷിന്റേയും പ്രിന്‍സിയുടേയും രണ്ടാം വിവാഹമാണ് ഇത്.















