ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മുഖത്തടിച്ച സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് ബോളവുഡ് നടിയും നിയുക്ത മാണ്ഡി എംപിയുമായ കങ്കണ റണാവത്ത്. ‘എനിക്ക് നിവരവിധി ഫോൺ കോളുകൾ ലഭിക്കുന്നുണ്ട്. മാദ്ധ്യമ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ് വിളിക്കുന്നത്. ഞാൻ സുരക്ഷിതയാണ്. യാതൊരു കുഴപ്പവുമില്ല. ചണ്ഡിഗഡ് വിമാനത്താവളത്തിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായാണ് പ്രശ്നമുണ്ടായത്.
സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം മറ്റൊരു കാബിനിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ എന്റെ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. എന്തിനാണ് നിങ്ങളെന്നെ മർദ്ദിച്ചതെന്ന് ചോദിച്ചു. താൻ കർഷക സമരത്തെ പിന്തുണയക്കുന്നുവെന്നാണ് അവർ പറഞ്ഞത്.
ഞാൻ സുരക്ഷിതയാണ്. പഞ്ചാബിലെ വർദ്ധിക്കുന്ന വിഘടനവാദവും ഭീകരവാദവും എങ്ങനെ ചെറുക്കുമെന്നാണ് എന്റെ ആശങ്ക”— കങ്കണ പറഞ്ഞു. ചണ്ഡിഗഡ് വിമാനത്താവളത്തിലെ സിഎസ്ഐഎഫ് വനിതാ കോൺസ്റ്റബിളാണ് നടിയെ മർദ്ദിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.















