ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഏഴ് ലോക നേതാക്കൾക്ക് ക്ഷണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്‌ഗേ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്, സീഷെൽസ് പ്രസിഡന്റ് വേവൽ രാംകലവൻ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ തുടങ്ങിയ ലോകനേതാക്കൾക്ക് ക്ഷണമുള്ളതായാണ് റിപ്പോർട്ട്.
അയൽരാജ്യങ്ങൾ ആദ്യമെന്ന നരേന്ദ്രമോദി സർക്കാരിന്റെ നയം പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. ഈ ലോക നേതാക്കളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മോദിക്ക് അഭിനന്ദനവും അറിയിച്ചിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വെളളിയാഴ്ച വൈകിട്ട് ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം കയറാനാണ് ഷെയ്ഖ് ഹസീന പദ്ധതിയിട്ടിരിക്കുന്നത്. മോദിയുമായി ഏറെ അടുപ്പം പുലർത്തുന്ന ലോകനേതാവാണ് ഷെയ്ഖ് ഹസീന.
2019-ലെ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിയിരുന്നു. 2014-ലെ നരേന്ദ്രമോദിയുടെ ആദ്യ സത്യപ്രതിജ്ഞ ചടങ്ങിൽ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.















