ന്യൂഡൽഹി: രണ്ടാം എൻഡിഎ സർക്കാരിന്റെ കരുത്തുറ്റ ഭരണത്തിന് കീഴിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. 2022- ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-ൽ 3.1 ശതമാനമായി കുറഞ്ഞതായി ദി കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘വേൾഡ് വെൽത്ത് റിപ്പോർട്ട് 2024’ -ൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പൊതുസമ്പാദ്യം ജിഡിപിയുടെ 33.4 ശതമാനമായി വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്. 2023-ൽ 29.9 ശതമാനമായിരുന്നു ഇത്.
അതേസമയം, കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 15- 29-നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ ഉള്ളത്. കറന്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.
എൻഡിഎ സർക്കാർ കേന്ദ്രസർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനായി റോസ്ഗാർ മേളയിലൂടെ അർഹതപ്പെട്ട യുവാക്കൾക്ക് നിയമനം നൽകിയിരുന്നു. 7 ലക്ഷത്തിലധികം നിയമനങ്ങളാണ് ഇത്തരത്തിൽ നടത്തിയത്. എന്നാൽ കേരളത്തിൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അർഹതപ്പെട്ട ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.















