തിരുവനന്തപുരം : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ കേരളത്തിൽ നോട്ട തിരഞ്ഞെടുത്ത വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി തെളിയുന്നു . സംസ്ഥാനത്ത് മൊത്തത്തിൽ , നോട്ടയ്‌ക്ക് 1,58,026 വോട്ടുകൾ ലഭിച്ചു. ഇത് ആകെ വോട്ടുകളുടെ 0.7% വിഹിതം ആണ്. 2019 ലെ വോട്ടെടുപ്പിൽ, നോട്ടയ്‌ക്ക് 1,04,089 വോട്ടുകൾ ആണ് ലഭിച്ചത്. അന്നത്തെ വിഹിതം 0.51% ആയിരുന്നു. കേരളത്തിൽ ആകെയുള്ള 20 പാർലിമെന്റ് നിയോജക മണ്ഡലങ്ങളിൽ ഏതാണ്ട് എട്ടെണ്ണത്തിൽ നോട്ട 8000 വോട്ടുകൾക്ക് മുകളിൽനേടിയിട്ടുണ്ട്.
2024ലെ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക സീറ്റായ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ രേഖപ്പെടുത്തിയത് – 12,033 എന്നത് ശ്രദ്ധേയമാണ്.
നോട്ട സിപിഎമ്മിനെ അട്ടിമറിച്ചത് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലാണ്. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് 684 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഇവിടെ 9,791 നോട്ട വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത് . കൂടാതെ, അടൂർ പ്രകാശിന്റെ പേരിനോട് സാമ്യമുള്ള പ്രകാശ് പി.എൽ,1,814, പ്രകാശ് എസ് , 811 എന്നിങ്ങനെയും വോട്ടുകൾ നേടി, മറ്റൊരു സ്വതന്ത്രനായ സന്തോഷ് കെ 1,204 വോട്ടുകൾ നേടി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1,04,089 നോട്ട വോട്ടുകൾ പോൾ ചെയ്യപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വന്നത് ആലത്തൂരിലാണ് – 7,722.
അന്നത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കു കോട്ടയത്ത് – 7,191 ആയിരുന്നു. ഏറ്റവും കുറവ് – 2,132 വയനാട്ടിലാണ്. 2019 ൽ എൽഡിഎഫ് വിജയിച്ച ഏക സീറ്റായ ആലപ്പുഴയിൽ നോട്ടയ്‌ക്ക് 6104 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, ഇത്തവണ അത് 7,365 ആയി ഉയർന്നിട്ടുണ്ട്
2024ൽ 1,58,026 നോട്ട വോട്ടുകൾ ലഭിച്ചപ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക സീറ്റായ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ (12,033) രേഖപ്പെടുത്തിയത്. വർഗീയമായി ചേരിതിരിവുണ്ടായി കടുത്ത മത്സരം നടന്ന വടകരയിലാണ് ഏറ്റവും കുറവ് – 2,909 വോട്ടുകൾ.കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് 684 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ വിജയിച്ച ആറ്റിങ്ങലിൽ 9,791 നോട്ട വോട്ടുകളാണ് ലഭിച്ചത്.
ശക്തമായ കേഡർ സ്വഭാവമുള്ള സിപിഎമ്മിന്റെ സാന്നിധ്യമുള്ള കേരളത്തിൽ നോട്ടക്ക് വോട്ടുകൾ കൂടുന്നത് സിപിഎം അണികളുടെ നിശബ്ദ പ്രതിഷേധമാണെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ. നോട്ടക്ക് മാത്രമല്ല ആർക്കും തിരിച്ചറിയാൻ പോലും പറ്റാത്ത സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും വോട്ടുകൾ ചിതറി വീണിട്ടുണ്ട്. അതും ഇതേ പ്രതിഭാസം തന്നെയാകാനാണ് സാധ്യത. സിപിഎമ്മിലെ അഴിമതിയിലും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലും പ്രതിഷേധമുള്ള പാർട്ടി അണികളായ വോട്ടർമാർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗമാണ് നോട്ടക്ക് വോട്ടു ചയ്യൽ എന്നാണ് അനുമാനം. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന, പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ തയ്യാറാകാത്ത കേഡർമാർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ നോട്ട ഓപ്ഷൻ തിരഞ്ഞെടുത്തിരിക്കാം.
കടുത്ത സിപിഎം പ്രവർത്തകർക്കിടയിലെ അതൃപ്തി ശക്തമായതിനാൽ അവർ പോളിംഗ് ബൂത്തുകളിൽ പോയി നോട്ടയ്‌ക്കോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ അപ്രസക്തരായ സ്വതന്ത്രർക്കോ വോട്ട് ചെയ്തിരിക്കാം. വോട്ട് ചെയ്യാതെ ഇരുന്നാൽ അത് കണ്ടെത്താൻ ശക്തമായ നിരീക്ഷണം നടത്തുന്ന സിപിഎം പക പൊക്കിയേക്കും എന്നുള്ള ബോധ്യമുള്ള അണികൾ തിരഞ്ഞെടുത്ത സുരക്ഷിത പ്രതിഷേധമാർഗമായിരിക്കാം നോട്ടക്കുള്ള വോട്ട് എന്ന നിരീക്ഷണം ദേശീയ മാദ്ധ്യമങ്ങളിൽ ശക്തമാകുകയാണ്.