കൊല്ലം: സിപിഎം വനിതാ പ്രവർത്തകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ ഭാരവാഹികൾ തുടങ്ങിയവരാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ കെണിയിൽപ്പെട്ടത്. യുവതികളിൽ ഒരാളുടെ ബന്ധുവാണ് ടെലഗ്രാമിൽ ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തിയത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും കേസ് ഒതുക്കി തീർത്തെന്ന ആരോപണവും ഉയരുന്നുണ്ട്.
പത്തനാപുരം സ്വദേശിയായ പ്രതി പ്രദേശത്തെ സർവീസ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരനാണ്. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണയും വനിതാ നേതാക്കൾ ഉയർത്തി.
പിന്നാലെ, ഇടതുമുന്നണിയിലെ മറ്റൊരു വനിതാ നേതാവിന്റെ മോർഫ് ചെയ്ത ചിത്രവും പുറത്തു വന്നിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. പരാതി നൽകിയ വനിതാ നേതാവിനോട് തെളിവ് ഹാജരാക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. പിന്നെന്തിനാണ് പരാതി നൽകിയതെന്ന് ചോദിച്ചതോടെയാണ് കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറായതെന്നും ഇവർ പറയുന്നു.















