ന്യൂഡൽഹി: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് ലോക് ജൻശക്തി പാർട്ടി(റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ. ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ആർക്കൊക്കെ മന്ത്രി സ്ഥാനം നൽകണമെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി നയിക്കുന്ന എൻഡിഎയോടുള്ള വിശ്വസ്തത അചഞ്ചലമാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. എൻഡിഎയുടെ നേട്ടം നരേന്ദ്രമോദിയുടെ വിജയം തന്നെയാണ്. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുന്നു എന്നത് വലിയ കാര്യമാണെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു. ചിരാഗ് പാസ്വാൻ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. നിയുക്ത എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരും. എംപിമാർ നരേന്ദ്രമോദിയെ മൂന്നാം തവണയും തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുന്നതിന് പിന്നാലെ രാഷ്‌ട്രപതിയെ സന്ദർശിച്ച് മന്ത്രിസഭയുണ്ടാക്കാൻ നേതാക്കൾ അവകാശവാദമുന്നയിക്കും. എംപിമാർക്ക് പുറമെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗവും ഇന്ന് നടക്കും.















