ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. എന്നാൽ വളർച്ചാ അനുമാനം ഏഴിൽനിന്ന് 7.2 ശതമാനമായി ആർബിഐ ഉയർത്തി. തുടർച്ചയായ എട്ടാം തവണയാണ് പ്രധാന വായ്പാ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്,
പണനയ കമ്മിറ്റിയിലെ ആറിൽ നാലുപേരും തീരുമാനത്തെ അനുകൂലിച്ചു. അടുത്ത കാലത്തായി ലോകം ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ ആർബിഐ പ്രതിജ്ഞാബദ്ധമാണെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അനിശ്ചിതമായ ആഗോള അന്തരീക്ഷത്തിൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഫെബ്രുവരിയിലാണ് എംപിസി അവസാനമായി നിരക്കുകൾ മാറ്റിയത്. റീ പർച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപേരാണ് റിപ്പോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. അതിന്റെ വർദ്ധ ബാങ്കുകളുടെ സാമ്പത്തികഭാരം വർദ്ധിപ്പിക്കുന്നു. അങ്ങനെ പലിശ നിരക്കുകളുടെ വർദ്ധയ്‌ക്കു സാധ്യതയുണ്ടാകുന്നു