ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ പരിഹസിച്ച് നരേന്ദ്രമോദി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇവിഎമ്മിനെതിരായ ആക്ഷേപം ഇല്ലാതായെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ സുപ്രീംകോടതിയെ പോലും ദുരുപയോഗം ചെയ്തവരാണ് പ്രതിപക്ഷമെന്നും മോദി കുറ്റപ്പെടുത്തി.
മൂന്നാം വട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
കേവലം തെരഞ്ഞെടുപ്പിനെ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയെ പോലും എതിർക്കുന്നുവെന്നതിന്റെ തെളിവാണ് ഇവിഎമ്മിനെതിരായ ആക്ഷേപങ്ങൾ. യുപിഐയും ആധാറും എതിർത്തവരാണ് അവർ. പുരോഗതിയുടെയും ആധുനികതയുടെയും സാങ്കേതികവിദ്യയുടെയും ശത്രുക്കളാണ് പ്രതിപക്ഷമെന്നും മോദി വിമർശിച്ചു. ജൂൺ നാലിന് മുൻപ് വരെ ഇവരൊക്കെ ഇവിഎമ്മിനെ പഴിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലും ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചു. ഇവിഎമ്മിന്റെ സംസ്കാര ചടങ്ങ് അവർ നടത്തുമെന്നാണ് താൻ കരുതിയത്. പക്ഷെ ജൂൺ നാല് വൈകിട്ടായപ്പോൾ അവർ നിശബ്ദരായി ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയാണിതെന്ന് വിശ്വസിക്കുന്നു. ഇനി അടുത്ത 5 വർഷം ഇവിഎമ്മിനെക്കുറിച്ച് അവർ ഒരക്ഷരം മിണ്ടില്ല. പക്ഷെ, 2029ൽ വീണ്ടും എൻഡിഎ വിജയിച്ചാൽ അവർ ചിലപ്പോൾ ഇവിഎമ്മിനെതിരെ തിരിയുമെന്നും മോദി പറഞ്ഞു.
2014 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെതിരായ ഫലം വന്നതോടെ ഇവിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാനായിരുന്നു രാഹുലടക്കമുള്ള നേതാക്കൾ ശ്രമിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്താണ് ബിജെപി വൻ വിജയങ്ങൾ നേടിയതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത്തവണ കോൺഗ്രസ് സീറ്റുനില താരതമ്യേന മെച്ചപ്പെടുത്തിയതോടെ ഇവിഎമ്മിനെതിരായ ആരോപണം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം.
ലോകം മുഴുവൻ ഭാരതത്തിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ ജനാധിപത്യം നശിച്ചുവെന്ന് പറഞ്ഞു നടക്കുന്നവരാണ് പ്രതിപക്ഷം. ഈ തെരഞ്ഞെടുപ്പോടെ ഭാരതത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് ലോകം കൂടുതലായി അറിഞ്ഞുവെന്നും നരേന്ദ്രമോദി പറഞ്ഞു.















