ഭാരതീയ പുരാണങ്ങള്‍ പ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരമാണ് അമരാവതി. അമരന്‍മാര്‍ (ദേവന്‍മാര്‍) പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് ‘അമരാവതി’ എന്ന പേരുകിട്ടി.
ആന്ധ്രാപ്രദേശിൽ എൻ ഡി എയുടെ വിജയത്തോടെ കുതിച്ചുയരാനൊരുങ്ങുകയാണ് നിർദിഷ്ട അമരാവതി നഗരം. AMARAVATI CAPITAL CITY DEVELOPMENT PROJECT എന്നപേരിൽ എൻ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന തലസ്ഥാന നഗര പദ്ധതിക്കാണ് ചിറകുകൾ മുളക്കുന്നത്.
2014 ജൂണിൽ ആന്ധ്രാപ്രദേശിൽ നിന്ന് വിഭജിച്ച് തെലങ്കാന രൂപീകരിച്ചു. അന്നത്തെ അവിഭക്ത ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് 10 വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി നിർദ്ദേശിക്കപ്പെട്ടു. എന്നാൽ ഇതിന്റെ സമയപരിധി പരമാവധി പത്തു വർഷമായിരുന്നു. സംസ്ഥാന വിഭജനത്തെത്തുടർന്ന് 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഈ സമയത്ത് ആന്ധ്രാപ്രദേശിന് ഒരു പുതിയ തലസ്ഥാന നഗരം വികസിപ്പിക്കേണ്ടതിന്റെ ആവശ്യം വന്നു. തുടർന്ന്, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ പുതിയ തലസ്ഥാനമായ അമരാവതി നിർമ്മിക്കാൻ തീരുമാനിച്ചു.
സംസ്ഥാന സർക്കാർ എപി ക്യാപിറ്റൽ റീജിയൻ ഡവലപ്മെൻ്റ് ആക്ട് 2014 നടപ്പിലാക്കുകയും പുതിയ നഗരം വികസിപ്പിക്കുന്നതിനായി എപി ക്യാപിറ്റൽ റീജിയൻ ഡെവലപ്മെൻ്റ് അതോറിറ്റി (എപിസിആർഡിഎ) രൂപീകരിക്കുകയും ചെയ്തു. വിജയവാഡയ്‌ക്കും ഗുണ്ടൂരിനും ഇടയിൽ കൃഷ്ണ നദിക്കരയിൽ 24 റവന്യൂ വില്ലേജുകളും ഗുണ്ടൂർ ജില്ലയിലെ താഡപള്ളി മുനിസിപ്പാലിറ്റിയുടെ ഭാഗവുമായി 53,748 ഏക്കർ വിസ്തൃതിയുള്ളതാണ് പുതിയ തലസ്ഥാനത്തിന്റെ സ്ഥാനം. തലസ്ഥാന നഗരിയുടെ വിശദമായ മാസ്റ്റർ പ്ലാൻ പ്രകാരം 217 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് അമരാവതി നഗരം.
എന്നാൽ 2019-ൽ, വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ, വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് എത്തിയ ശേഷം അമരാവതി പദ്ധതി പെരുവഴിയിലായി.മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, ജഗൻ മൂന്ന് സംസ്ഥാന തലസ്ഥാനങ്ങൾ വിഭാവനം ചെയ്തു. ആന്ധ്രാ പ്രദേശിനെ അഞ്ചു വര്ഷം പിന്നോട്ട് നയിച്ച ഈ തുഗ്ളക്ക് പരിഷ്കാരത്തിൽ – വിശാഖപട്ടണം “നിർവഹണ തലസ്ഥാനം”, അമരാവതി “നിയമനിർമ്മാണ തലസ്ഥാനം”, കുർണൂൽ “ജുഡീഷ്യൽ തലസ്ഥാനം” എന്നിങ്ങനെയുള്ള വെള്ളാന സിദ്ധാന്തങ്ങൾ നിറയെ ഉണ്ടായിരുന്നു. തുടർന്ന് ജഗൻ അമരാവതിയിലെ എല്ലാ നിർമ്മാണ പദ്ധതികളും സ്തംഭിപ്പിക്കാൻ തീരുമാനിച്ചു.
പദ്ധതിക്ക് രാഷ്‌ട്രീയവും സാമ്പത്തികവുമായ പിന്തുണ ലഭിക്കുമെന്നുറപ്പില്ലാത്തതിനാൽ ആ പദ്ധതിയിലെ സാമ്പത്തിക പങ്കാളികൾ പലരും പിന്മാറി. 2019 ജൂലൈയിൽ നിർദിഷ്ട അമരാവതി സസ്റ്റൈനബിൾ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെൻ്റ് (എഎസ്ഐഐഡി) പദ്ധതിക്ക് ധനസഹായം നൽകുന്നതിനുള്ള ലോക ബാങ്കിനോടുള്ള അഭ്യർത്ഥന സർക്കാർ പിൻവലിച്ചതായി ലോക ബാങ്ക് ഒരു പ്രസ്താവനയിൽ വിശദീകരിച്ചു.ലോകബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി ദിവസങ്ങൾക്കുള്ളിൽ എഐഐബിയും പദ്ധതിയിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത വന്നു.
715 മില്യൺ ഡോളർ നിക്ഷേപം ആവശ്യമുള്ള എഎസ്ഐഐഡി പദ്ധതിക്ക് കണ്ടു വെച്ച പണത്തിൽ ലോകബാങ്കിൽ നിന്ന് 300 മില്യൺ ഡോളറും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിൽ (എഐഐബി) 200 മില്യൺ ഡോളറും എപി സർക്കാരിൽ നിന്ന് 215 മില്യൺ ഡോളറും ഉൾപ്പെടുന്നു.ബാങ്കുകളുടെ പദ്ധതി അനുമതി പ്രതീക്ഷിച്ച് മുൻ എപി സർക്കാർ (നായിഡുവിന്റെ നേതൃത്വത്തിൽ) ഇതിനകം 2,819 കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചിരുന്നു. (ഏകദേശം 400 ദശലക്ഷം ഡോളർ).പുതിയ ആന്ധ്രാപ്രദേശ് സർക്കാരും രണ്ട് പ്രധാന അന്താരാഷ്‌ട്ര ബാങ്കുകളും പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.ഇതോടെ അമരാവതി ഫ്രീസറിലായി എന്ന് മാദ്ധ്യമങ്ങൾ പ്രവചിച്ചു.
നിലവിലെ ആന്ധ്രാ തെരഞ്ഞെടുപ്പിൽ തൂത്തുവാരിക്കൊണ്ട് എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമ്പോൾ, അമരാവതി തലസ്ഥാന മേഖലയിൽ ഒരു പുനരുജ്ജീവനം ഉണ്ടാകുമെന്ന് ഉറപ്പാണ്. 2015 ഒക്ടോബറിൽ നായിഡു അമരാവതിയിൽ തലസ്ഥാനത്തിന് തറക്കല്ലിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അമരാവതിയിൽ സ്ഥാപിക്കാൻ യമുനയിൽ നിന്നുള്ള വെള്ളവും ഇന്ത്യയുടെ പാർലമെൻ്റ് മന്ദിരത്തിൽ നിന്ന് മണ്ണും മോദി കൊണ്ടുവന്നിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, അമരാവതി മേഖലയിൽ ഒരു സ്ഥിരം സെക്രട്ടേറിയറ്റിന് നായിഡു തറക്കല്ലിട്ടിരുന്നു,
അമരാവതി തലസ്ഥാന വികസനം ജഗൻ മരവിപ്പിച്ചത്, ഈ ആവശ്യത്തിനായി തങ്ങളുടെ ഭൂമി സംഭാവന ചെയ്ത ബെൽറ്റിലെ കർഷകരെ പൂർണ്ണമായും തകർത്തു. ജഗൻ ഈ മേഖലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിയപ്പോൾ, ഭൂമി നൽകിയവർ ഒന്നും തിരികെ കിട്ടാതെ നിരാലംബരായി. ഭൂമി ദാനം ചെയ്ത കർഷകർ”അമരാവതിയെ രക്ഷിക്കാൻ” ഒരു ജോയിൻ്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) രൂപീകരിച്ചു.
നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെ ഈ കർഷകർ ഇപ്പോൾ ആഹ്ലാദത്തിലാണ്. ജൂൺ 12 ന് അമരാവതി മേഖലയിൽ നടക്കുന്ന നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തയാറെടുത്തിരിക്കുകയാണ് ഈ മേഖലയിലെ ഭൂമി നൽകിയ കർഷകർ എന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു. നഗരത്തിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച്, പുതിയ തലസ്ഥാനത്ത് വരാനിരിക്കുന്ന റസിഡൻഷ്യൽ ഏരിയകളിൽ ഭൂമി സംഭാവന ചെയ്തവർക്ക് ആനുപാതികമായ സ്ഥലം നൽകണം.
2014 ലെ എപി പുനഃസംഘടന നിയമം അനുസരിച്ച് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി ഹൈദരാബാദിന് തുടരാനുള്ള 10 വർഷത്തെ സമയപരിധി ഈ വർഷം ജൂൺ 2 ന് അവസാനിച്ചു. കെട്ടിടങ്ങൾ ഒഴിയാൻ തെലങ്കാന സർക്കാരിന്റെ തിട്ടൂരവും വന്നുകഴിഞ്ഞു. ഇതോടെ പുതിയ സർക്കാരിന് അമരാവതി വികസിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ അടിയന്തിരമായി ഏറ്റെടുത്തെ മതിയാകൂ.
അമരാവതി സംസ്ഥാന തലസ്ഥാനമായി വികസിപ്പിക്കണമെന്ന് 2022 മാർച്ചിൽ എപി ഹൈക്കോടതി അന്നത്തെ YSRCP സർക്കാരിനോട് നിർദ്ദേശിച്ചു. തുടർന്ന് ജഗൻ സർക്കാർ സുപ്രീം കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു, അവിടെ കേസ് തീർപ്പാക്കിയിട്ടില്ല.