ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. നിഫ്റ്റി 498.8 പോയിന്റ് ഉയർന്ന് 23,320.20-ലെത്തി.
ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിന്റെ 30 ഷെയറുകളാണ് ഇന്ന് മുന്നേറ്റം സൃഷ്ടിച്ചത്. ഇതോടെ എക്കാലത്തെയും ഉയർന്ന നിരക്കായ 76,795.31 പോയിന്റ് രേഖപ്പെടുത്തി. വിപ്രോ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടാറ്റാ സ്റ്റീൽ, എം& എം, ടെക് മഹീന്ദ്ര ആൻ്റ് ബജാജ് ഫിൻസെർവ് തുടങ്ങിയ കമ്പനികളാണ് ഇന്ന് മുന്നേറ്റമുണ്ടാക്കിയത്. ഫിനോലക്സ് കേബിൾസ്, പ്രസിറ്റീജ് എസ്റ്റേറ്റ്, മിന്ദ്ര കോർപ് തുടങ്ങിയവയുടെ ഓഹരികളിൽ ഇന്ന് ഇടിവുണ്ടായി.
മുഖ്യ പലിശനിരക്കിൽ മാറ്റം വരുത്താതെയാണ് ഇത്തവണയും റിസർവ് ബാങ്ക് പണ, വായ്പനയം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ റിസർവ് ബാങ്ക് ഉറച്ചുനിൽക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു. നടപ്പുസാമ്പത്തികവർഷം രാജ്യം 7.2 ശതമാനം വളർച്ച നേടുമെന്നാണ് ആർബിഐയുടെ അനുമാനം. ഈ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരിവിപണി കുതിച്ചത്.