യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർബിഐ. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായി നിശ്ചിത പരിധിയിൽ നിന്ന് ബാലൻസ് താഴെ പോകുകയാണെങ്കിൽ ഓട്ടോമാറ്റിക്കായി പണം നിറയ്‌ക്കുന്ന സംവിധാനമാണ് ആർബിഐ ആവിഷ്കരിച്ചിരിക്കുന്നത്.
യുപിഐ ലൈറ്റ് കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആർബിഐ അറിയിച്ചു. യുപിഐ ലൈറ്റിൽ ബാലൻസ് നിശ്ചയിക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്. ഈ പരിധിക്ക് താഴെയാണെങ്കിൽ വാലറ്റുകൾ ഓട്ടോമാറ്റിക്കായി നിറയ്‌ക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 2000 രൂപയാണ് പ്രതിദിന പരിധി. ഒറ്റ തവണയായി 500 രൂപ വരെ മാത്രമാണ് കൈമാറ്റം ചെയ്യാൻ സാധിക്കൂ. 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ സാധ്യമാക്കുകയാണ് ലക്ഷ്യം.