തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി ലഭിക്കുന്നില്ലെന്നും അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത, പട്ടികജാതിക്കാരുടെ വോട്ട് ലഭിക്കാൻ കിറ്റും പെൻഷനും മാത്രം നൽകിയാൽ പോര, അധികാര പങ്കാളിത്തവും വേണമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എറണാകുളം കുന്നത്തുനാട് എസ്എൻഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ദളിത് വിഭാഗങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നതുകൊണ്ടാണ് ഇത്തവണ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഈ വിഭാഗത്തിന്റെ പരമ്പരാഗത വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിച്ചില്ല. കൊല്ലം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ, എന്നിവിടങ്ങളിലെ ഈഴവ സമുദായം മാറിചിന്തിച്ചു. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകിയ പാർട്ടി ഈഴവരെ അവഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക അധ:സ്ഥിത വർഗ്ഗത്തിന് നീതി കിട്ടുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നും തിരുവനന്തപുരത്തെത്തുന്നവർ വൈകിട്ടാകുന്നതിനിപ്പുറം ആവശ്യം നിറവേറ്റി മടങ്ങും. എന്നാൽ ഈ പരിഗണന എല്ലാവർക്കുമില്ല. ന്യൂനപക്ഷങ്ങൾക്ക് അധികാര സ്ഥാനങ്ങളിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ് നൽകുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.















