ബോളിവുഡ് താരം വരുൺ ധവാനും ഭാര്യ നടാഷ ദലാലും പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. പെൺകുഞ്ഞിനാണ് നടാഷ ജന്മം നൽകിയത്. മുത്തച്ഛനായതിന്റെ സന്തോഷം വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാനാണ് ആദ്യം അറിയിച്ചത്. പിന്നാലെ താനൊരു പിതാവായ വിവരം വരുൺ ധവാനും എക്‌സിലൂടെ പങ്കുവച്ചു. ജൂൺ മൂന്നാം തീയതിയാണ് നടാഷ പെൺകുഞ്ഞിന് ജന്മം നൽകിയത്.
നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ട് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് വരുൺ ധവാനും ഭാര്യയും. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്.

കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് വരുന്ന വരുണിനെയും തൊട്ടു പിന്നിൽ നടന്നു വരുന്ന നടാഷയുമാണ് ആരാധകരുടെ മനം കവർന്നത്. കുഞ്ഞിനെ വളരെ മനോഹരമായ പിങ്ക് തുണിയിൽ കിടത്തിയാണ് വീട്ടിലേക്ക് കൊണ്ടു പോകുന്നത്. ‘ ഞങ്ങളുടെ ബേബി ഗേൾ എത്തിയിരിക്കുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി’ എന്നായിരുന്നു വരുൺ ധവാൻ എക്‌സിൽ കുറിച്ചത്.

അതേസമയം, കോഫി വിത്ത് കരൺ എന്ന ഷോയിൽ പെൺകുഞ്ഞിന്റെ പിതാവാകണമെന്ന് വരുൺ പറഞ്ഞതും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. വരൺ ആഗ്രഹിച്ചതു പോലെ തന്നെ പെൺകുഞ്ഞ് പിറന്നെന്നും ദമ്പതിമാർക്കും കുഞ്ഞിനും ആശംസകൾ നേരുന്നുവെന്നും നിരവധി ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. കരൺ ജോഹർ, കരീന കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി താരങ്ങളും വരുണിനും നടാഷയ്‌ക്കും ആശംസകൾ നേർന്നിരുന്നു.















