കുറഞ്ഞ ചെലവിൽ വിദേശ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇത്തരത്തിൽ പലപ്പോഴും നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നായിരിക്കും ശ്രീലങ്ക. എന്നാൽ ഇവിടേക്ക് എങ്ങനെ എത്തിപ്പെടും, ഒറ്റയ്‌ക്ക് പോവുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, വിശ്വസിച്ച് ഏത് ടൂർ പാക്കേജ് തെരഞ്ഞെടുക്കും തുടങ്ങി നിരവധി കാര്യങ്ങൾ ആലോചിച്ച് പലപ്പോഴും നമ്മൾ യാത്രകൾ മാറ്റി വയ്‌ക്കുന്നു. എന്നാൽ ഇനി യാത്ര മാറ്റി വയ്‌ക്കേണ്ടതില്ല. പകരം ഇത്തരം ചിന്തകൾ മാറ്റി വച്ചോളൂ.. ശ്രീലങ്കയ്‌ക്ക് പോകാനുള്ള കിടിലൻ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി എത്തിയിരിക്കുന്നു. കൂടുതൽ അറിയാം..
കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊളംബോ നഗരം മുതൽ നുവാര എലിയ മലനിരകൾ വരെ സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന പാക്കേജാണിത്. രാമായണത്തിലെ പുണ്യ ഇടങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള അവസരം കൂടിയാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ജൂലൈ 14 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ ആറ് രാത്രിയും ഏഴ് പകലുകളും നിങ്ങൾക്ക് ശ്രീലങ്കയിൽ ആസ്വദിക്കാം.
Trails Of Srlanka Ramayana Yatra Kochi (SEO13) എന്നാണ് ഈ പാക്കേജിന്റെ പേര്. ജൂലൈ 14ന് രാവിലെ 10.20നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും കൊളംബോയിലേക്കും, തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, ത്രീ സ്റ്റാർ ഹോട്ടലിൽ താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ഗൈഡുകൾ, യാത്രാ ഇൻഷൂറൻസ് എന്നിവയെല്ലാം ഈ പാക്കേജിൽ ലഭ്യമാകും. 66,400 രൂപയാണ് ടിക്കറ്റ് നിരക്ക്.
രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രങ്ങളായ സിഗിരിയ കോട്ട, മണവാരി മുനീശ്വരം ക്ഷേത്രം, സിത അമ്മൻ ക്ഷേത്രം, ദാംബുള്ള ഗുഹാ ക്ഷേത്രം, റാംപോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും ഈ പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമെ പിന്നവാല എലിഫെന്റ് ഓർഫനേജ്, കാൻഡിയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, കൊളമ്പോ സിറ്റി ടൂർ തുടങ്ങി നിരവധി സ്ഥലങ്ങളും ഈ പാക്കേജിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കാം..















