അടൂർ: ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ ദൈവത്തിന്റെ കരങ്ങൾ പോലെ താങ്ങി നിർത്തിയ കരങ്ങൾ. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും സംഭവിച്ച കാര്യങ്ങൾ അത്ഭുതത്തോടെയാണ് കണ്ടക്ടർ വിനുവിന്റെ മനസിലേക്ക് എത്തുന്നത്.
ഒരു ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് വിനു പറഞ്ഞു. ആ സമയത്ത് കൂടുതലൊന്നും ചിന്തിച്ചില്ല. ദൈവം തന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് പോലെയാണ് ഇപ്പോൾ തോന്നുന്നതെന്നും വിനു പ്രതികരിച്ചു. കാരാളിമുക്ക് – ശാസ്താംകോട്ട റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ വിനു ഇന്നലെയാണ് ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ കൈപിടിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ മിന്നൽ കണ്ടക്ടർ എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
“ബസിൽ കയറുന്ന യാത്രക്കാരെയല്ലാം ശ്രദ്ധിക്കാറുണ്ട്. മിക്കവരും അലക്ഷ്യമായാണ് നിൽക്കുന്നത്. ബസ് വളവ് തിരയുമ്പോഴൊക്കെ നിൽക്കുന്ന യാത്രക്കാരുടെ ബാലൻസ് തെറ്റിപ്പോകും, അതുകൊണ്ട് കയറുന്നവരെയൊക്കെ ശ്രദ്ധിക്കാറുണ്ട്,” വിനു പറഞ്ഞു.
കാരാളിമുക്കിൽ നിന്നും ബസിൽ കയറിയ യാത്രക്കാരനെയാണ് തൻ രക്ഷപ്പെടുത്തിയതെന്ന് വിനു സംഭവം ഓർത്തെടുത്ത് വിവരിച്ചു. ടിക്കറ്റെടുക്കുന്നതിനിടെയാണ് സംഭവം. വളവെത്തിയപ്പോൾ ബാലൻസ് നഷ്ടപ്പെട്ട ഇയാൾ പെട്ടന്ന് പുറത്തേക്ക് വീഴാൻ പോവുകയായിരുന്നു. ഇയാളുടെ കൈ തട്ടി ബസിന്റെ വാതിലും തുറന്നു പോയി. കൃത്യ സമയത്ത് യാത്രക്കാരന്റെ കയ്യിൽ പിടുത്തമിട്ട കണ്ടക്ടർ ഇയാളെ ബസിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിനുവിനെതേടി ആളുകളുടെ അഭിനന്ദന പ്രവാഹമെത്തി. യാത്രക്കാരന്റെ ജീവൻ രക്ഷിച്ച കണ്ടക്ടറിനെ മോട്ടോർ വാഹന വകുപ്പും ആദരിച്ചു. വീഡിയോ വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ആരോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്തതാണ്. പലരും ദൈവത്തിന്റെ കരങ്ങൾ, സ്‌പൈഡർമാൻ, മിന്നൽമുരളി എന്നൊക്കെ പറയുന്നുണ്ട്. ഒന്നും തന്റെ കയ്യിൽ ആയിരുന്നില്ല. ഒരു ജീവൻ രക്ഷിക്കാൻ പറ്റി. അതിൽ ദൈവത്തിനോട് നന്ദി പറയുന്നുവെന്നും വിനു പറഞ്ഞു.