നാരായൺപൂർ : ഛത്തീസ്ഗഡിലെ നാരായൺപൂർ-ദന്തേവാഡ അതിർത്തിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 5 നക്‌സലുകൾ കൊല്ലപ്പെട്ടു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുമുണ്ട്. സുരക്ഷാസേന നക്‌സൽ വിരുദ്ധ ഓപ്പറേഷനായി പുറത്തുപോയതിനിടെ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
നാരായൺപൂർ ഓർച്ചയിലെ ഗോബൽ വില്ലേജിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഐടിബിപിയുടെ 45 ാം ബറ്റാലിയൻ സേനാംഗങ്ങളും നാരായൺപൂർ, ദന്തേവാഡ, ബസ്തർ ജില്ലകളിലെ നക്‌സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായ പൊലീസുകാരുമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. ഇരുഭാഗത്ത് നിന്നും വെടിയൊച്ച നിർത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ച് നക്‌സലുകളുടെ മൃതശരീരം കണ്ടെത്തിയത്.
ഏറ്റുമുട്ടലിനൊടുവിൽ ആയുധശേഖരം പിടിച്ചെടുത്തതായും ഏറ്റുമുട്ടൽ തുടരുന്നതായും നാരായൺപൂർ എസ്പി പ്രഭാത് കുമാർ അറിയിച്ചു.
കഴിഞ്ഞ മെയ് 23 ന് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 7 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 10 ന് ബിജാപൂരിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 26-ന് കാങ്കറിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.















