ന്യൂഡൽഹി : ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ . അനുപം ഖേർ മുതൽ ശേഖർ സുമൻ വരെയുള്ളവർ കങ്കണയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
‘ വളരെ തെറ്റും നിർഭാഗ്യകരവുമാണ്. ഇത് ആർക്കും സംഭവിക്കരുത്. നിയമവിരുദ്ധമാണിത് , അവർ ചെയ്തതിന് അവർ ശിക്ഷിക്കപ്പെടണം ‘ – എന്നാണ് ഇതുമായി ബന്ധപ്പെട്ട് നടൻ ശേഖർ സുമന്റെ പ്രതികരണം. അവരുടെ മനസിൽ എന്തോ എതിർപ്പും നീരസവും ഉണ്ടായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വളരെ തെറ്റായിപ്പോയി. ദേഷ്യത്തിൽ പോലും മുന്നിൽ വന്ന് സംസാരിക്കാം. ഇങ്ങനെ ആരുടെ നേരെയും കൈ പൊക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വളരെ വിഷമം തോന്നിയെന്നാണ് നടൻ അനുപം ഖേർ പറഞ്ഞത് . സ്വന്തം സ്ഥാനം മുതലെടുത്ത് മറ്റൊരു സ്ത്രീ ഒരു സ്ത്രീക്കെതിരെ നടത്തിയ ഇത്തരത്തിലുള്ള നടപടി തീർത്തും തെറ്റാണ്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കണം.എന്തെങ്കിലും നീരസമുണ്ടെങ്കിൽ പോലും, തന്റെ സ്ഥാനം മുതലെടുത്ത് ഇത് ചെയ്യാൻ പാടില്ലായിരുന്നു. എതിർപ്പുണ്ടെൻകിൽ അത് പറയാൻ പല വഴികളുണ്ട്, പക്ഷേ സംഭവിച്ചത് വളരെ സങ്കടകരമാണ്. കങ്കണ ഇപ്പോൾ എംപിയോ നടിയോ ആയതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്, കങ്കണയും ഒരു സ്ത്രീയാണ്. – അദ്ദേഹം പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് നടൻ നാനാ പടേക്കർ പറഞ്ഞത് . കങ്കണ റണാവത്തിനോടുള്ള പെരുമാറ്റം തീർത്തും തെറ്റായി പോയെന്ന് നടി ശിവാംഗി ജോഷി പറഞ്ഞു. ‘ വീഡിയോകൾ ഞാൻ കണ്ടു. ഇത് വളരെ തെറ്റായി പോയി . ഇത് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ഞെട്ടിക്കുന്നതായിരുന്നു. ഇത് വളരെ അൺപ്രൊഫഷണൽ ആണ്. അക്രമം അംഗീകരിക്കാനാവില്ല. ‘ – അവർ പറഞ്ഞു.















