ചണ്ഡിഗഢ്: നിയുക്ത എംപി കങ്കണ റണാവത്തിനെ മർദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 321, 341 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ ഉദ്യോഗസ്ഥയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എംപിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ന്യൂഡൽഹിയിൽ എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന വേളയിലായിരുന്നു കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പഴയ പ്രസ്താവനയോട് അമർഷം തോന്നിയതുകൊണ്ടാണ് തല്ലിയതെന്നാണ് ഉദ്യോഗസ്ഥയുടെ വാദം. തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുത്തയാളാണെന്ന് കുല്‍വിന്ദര്‍ പറഞ്ഞിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കുൽവിന്ദറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോഥി സ്വദേശിയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് വരികയാണ്. ഇവരുടെ ഭർത്താവും സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ്. ബിജെപി എംപിയെ മർദിച്ചതിന് പിന്നാലെ വിഷയം അന്വേഷിക്കാന്‍ സിഐഎസ്എഫ് പ്രത്യേകം സംഘത്തെയും രൂപീകരിച്ചു. സുരക്ഷാ പരിശോധന കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു സിഐഎഎസ്എഫ് ഉദ്യോഗസ്ഥ തനിക്ക് നേരെ വന്ന് മുഖത്തടിച്ചതെന്ന് കങ്കണ റണാവത്ത് പറഞ്ഞു.















