തൃശൂർ: കെ മുരളീധരന്റെ തെരഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ ഉണ്ടായ കയ്യാങ്കളിയിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ നൽകിയ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ നടപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തൃശൂർ ഡിസിസിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് സജീവൻ ഡിസിസി ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. മർദ്ദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. സജീവനെ പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തൃശൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അനിൽ അക്കര, എം വിൻസെന്റ്, ജോസ് വള്ളൂർ എന്നിവർക്കെതിരെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. എതിർ ഗ്രൂപ്പുകാർ വോട്ട് മറിച്ചെന്നാണ് മുരളീധരൻ പക്ഷത്തിന്റെ അവകാശവാദം.















