ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഴ് രാഷ്‌ട്രത്തലവൻമാർ പങ്കെടുക്കും. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അയൽരാജ്യങ്ങൾ ആദ്യമെന്ന എൻഡിഎ സർക്കാരിന്റെ നയവും SAGAR പദ്ധതിയുമാണ് രാഷ്‌ട്രത്തലവൻമാർ ചടങ്ങിൽ പങ്കെടുക്കാനുള്ള കാരണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഷ്‌ട്രത്തലവന്മാർ രാഷ്‌ട്രപതി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുമെന്നും എംഇഎ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്ര- ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി നരേന്ദ്രമോദിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന്, ക്ഷണം സ്വീകരിച്ച ശേഷം മാലദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ട രീതിയിലാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലക്ഷദ്വീപിനും എതിരായ മാലദീപ് ഭരണകൂടത്തിന്റെ മോശം പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിനെ കയ്യൊഴിഞ്ഞതോടെ ദ്വീപ് രാഷ്‌ട്രം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇതോടെ ഇന്ത്യയുമായി അടുക്കാനുള്ള വഴി നോക്കുകയാണ് മാലദ്വീപ്.
നാളെ വൈകിട്ട് 7.15-നാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. 8000-ത്തിലധികം അതിഥികൾക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുള്ളത്. ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെന്റേഴ്‌സ്, സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ, വന്ദേഭാരത്- മെട്രോ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം അംബാസിഡർമാർ എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.