മുംബൈ: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണശേഖരം മാറ്റിയതിൽ നയപരമായ പ്രശ്നങ്ങളിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 1991 ന് ശേഷം രാജ്യം ഏറ്റെടുത്ത ഏറ്റവും വലിയ നീക്കമാണിത്. സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ആഭ്യന്തര സംഭരണ ശേഷി രാജ്യത്തിനുണ്ട്. ഇത് വിനിയോക്കുന്നതിന്റെ ഭാഗമായാണ് സ്വർണ്ണം ഇന്ത്യയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തേക്കുള്ള ആർബിഐയുടെ രണ്ടാം ധനനയം വിശദീകരിക്കുകയായിരുന്നു ഗവർണർ.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പക്കൽ സൂക്ഷിച്ചിരുന്ന 100 മെട്രിക് ടൺ സ്വർണശേഖരം കഴിഞ്ഞ ആഴ്ച ആർബിഐ ഇന്ത്യയിൽ എത്തിച്ചിരുന്നു. 1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ഇന്ത്യ പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും, തിരിച്ച് എത്തിക്കാനുള്ള സാങ്കേതിക പ്രശ്നം മുൻനിത്തി സ്വർണം യുകെയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
അടുത്തകാലത്തായി ഇന്ത്യ സ്വർണശേഖരം ഉയർത്തിക്കൊണ്ടുവരികയാണ്. എങ്കിലും രാജ്യത്തിന് പുറത്തുള്ള ശേഖരം അതേപടിയായി നിലനിർത്തുകയായിരുന്നു . 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൊത്തം സ്വർണശേഖരത്തിൽ 27.46 മെട്രിക് ടണിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം ശേഖരം 822 മെട്രിക് ടൺ ആയി.
100 മെട്രിക് ടൺ ഇന്ത്യയിലേക്ക് കൊണ്ടുവന്നതോടെ ആഭ്യന്തരമായി സംഭരിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് 408 മെട്രിക് ടണിലെത്തി. കഴിഞ്ഞ മാസം പുറത്തിറക്കിയ ആർബിഐ വാർഷിക റിപ്പോർട്ട് പ്രകാരം, 308 മെട്രിക് ടൺ സ്വർണം കറൻസികൾക്ക് പിൻബലമായി സൂക്ഷിച്ചിട്ടുണ്ട്. മൊത്തം സ്വർണശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരുന്നതെന്നും വാർഷിക റിപ്പോർട്ട് പറയുന്നു.