ന്യൂഡൽഹി: സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അനുകൂലിച്ച് രംഗത്ത് വന്നവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. തന്റെ മുഖത്തടിച്ച പ്രവൃത്തിയെ അനുകൂലിക്കുന്നവർ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും പിന്താങ്ങുമോയെന്ന് കങ്കണ ചോദിച്ചു.
“പീഡിപ്പിക്കുന്നവർക്കും കൊലപാതകികൾക്കും കള്ളന്മാർക്കും കുറ്റകൃത്യം ചെയ്യുന്നതിന് അവരുടേതായ വൈകാരികവും മാനസികവും ശാരീരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടാകും. ഒരു കുറ്റകൃത്യവും കാരണമില്ലാതെ സംഭവിക്കുന്നില്ല. എന്നിട്ടും അവർ കുറ്റവാളിയായി ജയിലിൽ അടയ്‌ക്കപ്പെടുന്നുണ്ട്. ഈ കുറ്റവാളികളുടെ അതേ മാനസികനിലയാണ് നിങ്ങൾക്കുമെങ്കിൽ ഓർക്കുക, നിയമം ലംഘിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണയാണ് നിങ്ങൾ അവർക്ക് നൽകുന്നത്.” കങ്കണ പറഞ്ഞു.
“ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ശരിയാണെങ്കിൽ, ബലാത്സംഗവും കൊലപാതകവും നിങ്ങളുടെ കണ്ണിൽ ശരിയായിട്ട് തോന്നാം. എങ്കിൽ നിങ്ങളുടെ ഉള്ളിലുള്ള മാനസികമായ ക്രിമിനൽ പ്രവണതകൾ നിങ്ങൾതന്നെ ആഴത്തിൽ പരിശോധിക്കേണ്ടിയിരിക്കുന്നു,” കങ്കണ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ളവർ യോഗയും ധ്യാനവും സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്നും അല്ലാത്തപക്ഷം ജീവിതം കയ്പേറിയതാകുമെന്നും കങ്കണ ഓർമിപ്പിച്ചു. ഒരാളോട് ഇത്രയധികം പകയും വിദ്വേഷവും അസൂയയും കൊണ്ട് നടക്കരുതെന്നും അതിൽനിന്നൊക്കെ സ്വാതന്ത്രരാകണമെന്നും അവർ കൂട്ടിച്ചേർത്തു.
കങ്കണയ്‌ക്കെതിരായ ആക്രമണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖ വ്യക്തികളും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടിയുടെ വിമർശനം.