മുംബൈ: ബുള്ളറ്റ് ട്രെയിനുവേണ്ടി മഹാരാഷ്‌ട്രയിൽ നിർമിക്കുന്ന ടണലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പശ്ചിമ റെയിൽവെ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മുംബൈ- അഹമ്മദബാദ് റൂട്ടിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബാന്ദ്ര കുർള കോപ്ലക്സിനും ശിലാപ്തയും ഇടയിലുള്ള 21 കി.മീ ദൈർഘ്യമുള്ള ടണലിന്റെ നിർമാണ ദൃശ്യങ്ങളാണ് എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
” ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മഹാരാഷ്‌ട്രയിൽ 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു, രാജ്യത്തിന്റെ എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലുമുള്ള അവിശ്വസനീയമായ പുരോഗതിയാണിത്”, റെയിൽവെ എക്സിൽ കുറിച്ചു.
21 km long tunnel in Maharashra for #bullettrain project is rapidly taking shape, showcasing the incredible advancements in engineering and technology.#NHSRCL pic.twitter.com/7WQnZNdIqa
— Western Railway (@WesternRly) June 8, 2024
കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ 21 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാണ് കടന്നുപോകുക. ഇതില്‍ ഏഴു കിലോമീറ്ററോളം വരുന്ന റെയില്‍പാത കടലിനടിയിലൂടെയാണ്. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ തുരങ്കമാണത്. 508.17 കിലോമീറ്റാണ് പാതയുടെ ആകെ ദൈർഘ്യം.
ഗുജറാത്ത്, മഹാരാഷ്‌ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെയാണ് ബുള്ളറ്റ് ട്രെയിന്‍ കടന്നു പോകുന്നത്. ഏകദേശം 1,08,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. നിലവിൽ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇത് മൂന്നു മണിക്കൂറായി ചുരുങ്ങും. 2020 ഏപ്രിലിലാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ നിർമാണം തുങ്ങിയത്. 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















