ഒരിടവേളയ്‌ക്ക് ശേഷം സിനിമാപ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഷാർക്ക് (shark) ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. എക്കാലത്തെയും ഏറ്റവും മികച്ച ഷാർക്ക് സിനിമകളായ JAWS, Playing With Sharks, Sharkwater എന്നിവയ്‌ക്ക് ശേഷം തീർത്തും വ്യത്യസ്തമായ കഥാപരിസരത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം Under Paris (അണ്ടർ പാരീസ്) ആണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.
പാരീസ് എന്ന ലോകപ്രശസ്തമായ നഗരം സ്രാവിന്റെ ആക്രമണത്തിന് വിധേയമാകുന്നതും ഫ്രഞ്ച് ജനതയുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജൂൺ അഞ്ചിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത Under Paris ഇതിനോടകം വൻ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.
സാധാരണയായി സമുദ്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷാർക്ക് ചിത്രങ്ങളിൽ നിന്നും വേറിട്ട കഥാപരിസരം തന്നെയാണ് Under Parisന്റെ സവിശേഷത. പാരീസ് നഗരത്തിന്റെ മുഖമുദ്രയായ Seine നദിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും രണ്ടാംലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ ഏൽപ്പിക്കുന്ന ആഘാതവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചിത്രം ഗൗരവമായി ചർച്ച ചെയ്യുന്നു. പൊതുവെ സമുദ്രത്തിൽ കാണപ്പെടുന്ന അപകടകരമായ ആളെക്കൊല്ലി സ്രാവുകൾ നദിയിലേക്ക് എത്തിപ്പെടുന്നത് എങ്ങനെ? കാലാവസ്ഥാ വ്യതിയാനം സമുദ്രജീവികളിൽ വരുത്തുന്ന മാറ്റങ്ങൾ? സ്രാവുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, സ്രാവുകൾ പെറ്റുപെരുകിയാൽ സംഭവിക്കുന്നത്, മനുഷ്യരാശിക്ക് അന്ത്യം കുറിക്കാൻ സ്രാവുകൾക്ക് കഴിയുമോ? തുടങ്ങി അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം.
Xavier Gens സംവിധാനം ചെയ്ത സിനിമ ആദ്യാവസാനം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. Bérénice Bejo, Nassim Lyes, Léa Léviant എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.