റായ്പ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ് ആക്രമണത്തിൽ പൊലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു. സംസ്‌ഥാനത്തെ ധനോര പൊലീസ് സ്റ്റേഷൻ പരിധിയിലെ തിംഡി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൊലീസിന് സ്ഥിരമായി വിവരങ്ങൾ കൈമാറിയിരുന്ന ദിനേശ് മാണ്ഡവി എന്നയാളാണ് കൊല്ലപ്പെട്ടത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിനേശ് മാണ്ഡവിക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മാണ്ഡവിയെ കേശ്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിനു കീഴടങ്ങുകയായിരുന്നു.
പൊലീസിന്റെ സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിന്റെ ഇൻഫോർമറായി പ്രവർത്തിക്കുകയായിരുന്നു മാണ്ഡവി. അക്രമികളെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.















